അങ്ങനെ സ്കൂള്‍ തുറന്നു. ഹൈസ്കൂള്‍ പഠനം ആരംഭിക്കുകെ ആയി. ഞങ്ങള്‍ ഒക്കെ 8 C ല്‍ ആണ്. പുതിയ കെട്ടിടത്തിന്റെ അടിയിലെ നിലയില്‍ ആണ് ക്ലാസ്സ് റൂം. ഇനി 8C എന്ന് എടുത്ത് പറഞ്ഞത് എന്തെന്ന് ആയിരിക്കും. ചൂരക്കോട് സ്കൂളിന്റെ മറ്റൊരു പ്രത്യേകത ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം ക്ലാസ്സുകള്‍ ആണ്. എന്നാല്‍ 8C അങ്ങനെ അല്ല. അതൊരു അവിയല്‍ ക്ലാസ്സ് ആണ്. ആണുങ്ങളെ പോലുള്ള പെണ്ണുങ്ങളും ഉണ്ട്, പെണ്ണുങ്ങളെ പോലുള്ള ആണുങ്ങളും ഉണ്ട്. ആദ്യ ദിവസം, ആദ്യത്തെ രണ്ടു പിരിയഡ് കഴിഞ്ഞുള്ള ഇന്റെര്‍വല്‍ ശേഷം ബെല്‍ അടിച്ചു. ഞങ്ങള്‍ പുതിയ നാല് പയ്യന്‍സ് ബെല്‍ ഒക്കെ കേട്ടിട്ടും ഒരു ഉഴപ്പ് മട്ടില്‍ ഒരു പ്ലാസ്റ്റിക് കുപ്പി തട്ടിക്കൊണ്ടു വരികയാ സംഘത്തിന്റെ അവിടുന്ന്. സ്കൂളിന്റെ അടുത്ത എത്തിയപ്പോള്‍ ഒരു അശരിരീ " നാലു പേര് അങ്ങോട്ട് മാറി നില്‍ക്കെട", എല്ലാരും മുകളിലേക്ക് നോക്കി, അതാ നില്‍ക്കുന്നു സാക്ഷാല്‍ ത്രിവിക്രമന്‍ പിള്ള സര്‍. എന്റെ രാവിലെ കഴിച്ച ദോശയും ചമ്മന്തിയും മാത്രമല്ല, തലേന്നത്തെ ചോറ് വരെ ദഹിച്ച് പൊയ്. ഞാന്‍ ആ അച്ചായന്‍റെ വാക്ക് ഓര്‍ത്തു "ആ ഹെഡ്മാസ്റ്ററോഡു ചോദിക്കാതെ പിള്ളാര്‍ മൂത്രം പോലും ഒഴിക്കില്ല, അത്രയ്ക്ക് strict ആണ്". ഇന്ന് ചോദിക്കാതെ അത് ചെയ്തു പോയി ഇനി എന്താ ചെയ്യുക. ഇതൊക്കെ ചിന്തിക്കുമ്പോഴേക്കും എന്റെ അത്രേം നീളമുള്ള ഒരു വടിയുമായി സര്‍ മുന്‍പില്‍. "എന്താടാ ബെല്ലടിച്ചാലും ക്ലാസ്സില്‍ കയറില്ലേ? " . ഞാന്‍ മനസ്സില്‍ കരുതി 'രക്ഷപെട്ടു, 'ചോദിക്കാത്ത' പ്രശ്നം അല്ല. "ഇനി ഇങ്ങനെയെങ്ങാനും കണ്ടാല്‍ അടിച്ചു തുട പൊട്ടിക്കും, കേറ് ക്ലാസ്സില്‍ ". അതൊരു ആജ്ഞ ആയിരുന്നു. ഒരു വിധത്തില്‍ ക്ലാസ്സില്‍ എത്തി. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഒരു വിറയല്‍. പിന്നീട് മനസ്സിലായി സാറ് ജോര്‍ജ് ബുഷിനെ പോലാ, അടിക്കും എന്ന് പറെഞ്ഞാല്‍ എപ്പം രണ്ടെണ്ണം കിട്ടി എന്ന് ചോദിച്ചാല്‍ മതി. ഇന്നത്തെ പോലോന്നുമല്ലെലോ അടി കിട്ടി എന്ന് വീട്ടില്‍ പറെഞ്ഞാല്‍ ചിലപ്പോള്‍ അവിടെ നിന്നും കിട്ടും ബാക്കി, ഇന്ന് അടി കിട്ടിയാല്‍ ഏതേലും ചാനലില്‍ പൊയ് പറെഞ്ഞാല്‍ മതി. ചര്‍ച്ച ചെയ്തു ആ സ്കൂള്‍ പൂട്ടിക്കും അവര്‍. സാറിനെ മാറ്റിനിര്‍ത്തുന്ന വരെ അവര്‍ അത് കൊണ്ട് നടക്കും. എന്തായാലും ആ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പിന്നീട് ഒരിക്കലും ബെല്ല് കേള്‍ക്കാന്‍ ഞാന്‍ നിന്നിട്ടില്ല. (പേടി കൊണ്ടല്ല കേട്ടോ, നമ്മളായിട്ട് സ്കൂളിന്റെ അച്ചടക്കം കളയേണ്ടല്ലോ എന്ന് കരുതിയാ). ബെല്‍ അടിക്കും മുന്‍പേ ക്ലാസ്സില്‍ എത്തിയിരിക്കും. ചെരുപ്പിടാതെ കൈല്‍ ഒരു വലിയ വടിമായുള്ള സാറിന്‍റെ രൂപം ഇപ്പോഴും മനസ്സില്‍ ഉണ്ട്. സത്യം പറെഞ്ഞാല്‍ ആ ആത്മാര്‍ത്ഥത ഒന്നും ഇന്നത്തെ ഗുരുക്കന്‍മാരില്‍ കാണില്ല. അന്ന് അവരെ ഒക്കെ ബഹുമാനിച്ച നമ്മളെ പോലെ ഉള്ള പിള്ളാരും ഇന്നില്ല.
നിങ്ങളുടെ കൂട്ടുകാരന്‍
മനോജ്
ഇതിവിടെ ഇങ്ങിനെ എഴുതിയിട്ടിട്ടു മിണ്ടാതിരിക്കുകയാണോ? ഞാന്‍ ഇവിടെ എത്തിയത് എന്റെ മോള്‍ നെനയുടെ ബ്ലോഗില്‍ കണ്ട കമ്മന്റ് വഴിയാണ് , ജാലകം പോലുള്ള അഗ്രിഗേറ്ററില്‍ ബ്ലോഗ് ചേര്‍ക്കുക .., വായനക്കാര്‍ ചോയിസ് നോക്കി വരും ,പിന്നെ ബ്ലോഗു ഞാന്‍ ഫേസ്ബുക്ക് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ പരിചയപ്പെടുത്തുന്നു ..താല്പര്യമുള്ളവര്‍ എത്തട്ടെ ..ആശംസകള്‍ ..
ReplyDelete